ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ കൊല്ലപ്പെട്ട നാഗ വിഭാഗക്കാരന്റെ തല അക്രമികൾ അറത്തുമാറ്റിയതായി കണ്ടെത്തി. മൃതദേഹം സംസ്കരിക്കുന്നതിന് ശരീരഭാഗം ഉടൻ വീണ്ടെടുക്കണമെന്നു നാഗ സിവിൽ സൊസൈറ്റി ആവശ്യപ്പെട്ടു. ഇതിനായി 48 മണിക്കൂർ അന്ത്യശാസനം നൽകുകയാണെന്നും അവർ പ്രഖ്യാപിച്ചു.
കാങ്പോക്പിയിലെ മകുയി അഷാംഗിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 52കാരനായ അജിൻബൗവിന്റെ തലയാണ് അറത്തുമാറ്റിയത്.
അജിൻബൗ ഉൾപ്പെടെ കൊല്ലപ്പെട്ട രണ്ട് നാഗ വിഭാഗക്കാരുടെ മൃതദേഹം ഇപ്പോൾ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അജിൻബൗവിന്റെ അറത്തുപിടിച്ച തലയുമായുള്ള സായുധസംഘത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി മുതൽ കാംജോംഗ്, ഉഖ്രുൽ, കാങ്പോക്പി ജില്ലകളിലായി നടന്ന വെടിവയ്പുകളിലാണ് അജിൻബൗ ഉൾപ്പടെ ഒന്പതുപേർ കൊല്ലപ്പെട്ടത്.ഫെബ്രുവരി മുതൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ അന്‍പതിലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകൾ തീവച്ചനശിപ്പിക്കുകയും ചെയ്തു.